Monday, September 2, 2013

ദുരന്തദിനം ഓര്‍ത്തെടുത്ത് . . . വിദ്യാര്‍ത്ഥിനികള്‍ കാണിച്ച ഔത്സുക്യം അവിസ്മരണീയമായി . . .



നാടും നാട്ടരചന്മാരും മറന്ന നവംബര്‍ 10 നെ ഓര്‍ത്തുവയ്ക്കാന്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കാണിച്ച ഔത്സുക്യം അവിസ്മരണീയ അനുഭവമായി. കഴിഞ്ഞ ദിവസം പാലക്കാട് ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹൈസ്ക്കൂള്‍ എട്ടാം ക്ളാസിലെ സോഷ്യല്‍ സയന്‍സ് ക്ളബ് വിദ്യാര്‍ത്ഥിനികളാണ് നാടിന്റെ സ്വാതന്ത്യ്രസമര ചരിത്രത്തില്‍ രക്തം കൊണ്ടെഴുതിച്ചേര്‍ത്ത 'വാഗണ്‍ ട്രാജഡി' ദുരന്തദിനം ഓര്‍ത്തെടുത്തത്. ഒരുപക്ഷെ ദുരന്തദിനത്തെക്കുറിച്ച് നിലനില്ക്കുന്ന വ്യത്യസ്താഭിപ്രായങ്ങളായിരിക്കാം അധികൃതരുടെ ഈ മറവിക്ക് കാരണമായത്. ചരിത്രകാരനായ എ.ശ്രീധരനമേനോന്റെ പൊളിറ്റിക്കല്‍ ഹിസ്ററി ഓഫ് മോഡേണ്‍ കേരള എന്ന ഗ്രന്ഥത്തിലും കേരള സര്‍ക്കാര്‍ വെബ് സൈറ്റിലും ദുരന്തദിനം നവംബര്‍ 10 എന്ന് രേഖപ്പെടുത്തിയിട്ടുളളതിനാല്‍ ആ ദിനമാണ് തങ്ങള്‍ തെരഞ്ഞെടുത്തതെന്ന് വിദ്യാര്‍ത്ഥിനികളായ ഐശ്വര്യ ശ്രീനിവാസനും ആതിര വര്‍മ്മയും, രമ്യയും പറഞ്ഞു. ഏറനാടും വളളുവനാടും ഇളകിമറിഞ്ഞ നാളുകള്‍ . . . ശത്രു രൌദ്രനായി ഉറഞ്ഞുതുളളിയ കാലഘട്ടം . . . ഇന്ത്യന്‍ പട്ടാളത്തിന്റെ നാലിലൊന്നിനെ മുച്ചാണ്‍ വരുന്ന ഏറനാടന്‍ - വളളുവനാടിനെ ഭസ്മമാക്കാന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ സമരഭടന്മാരുടെ രക്തം കൊണ്ട് ചാലിയാറും കടലുണ്ടിപ്പുഴയും ചുവന്നൊഴുകി . . . മറവ് ചെയ്യാന്‍ ആളില്ലാതെ വന്നപ്പോള്‍ ശവക്കൂനകള്‍ കാക്കയ്ക്കും കഴുകന്മാര്‍ക്കും വിരുന്നായി മാറി . . . 1921 നവംബര്‍ 10 ന്റെ സായാഹ്നം . . . മദ്രാസ് സൌത്ത് മറാട്ട കമ്പനിയുടെ എം.എസ്.എം.എല്‍.വി.-1711 -ാം നമ്പര്‍ വാഗണ്‍ പടിഞ്ഞാറ് നിന്നും നിരങ്ങി മലപ്പുറത്തെ തിരൂര്‍ റയില്‍വേ സ്റേഷനില്‍ വന്നു നില്ക്കുന്നു. ആരാച്ചാരന്മാരുടെ നേര്യത്തോടെ പട്ടാളക്കാര്‍ വാഗണിന്റെ വാതില്‍ തുറന്ന് ആളുകളെ കുത്തിനിറയ്ക്കാന്‍ തുടങ്ങി. തലയിണയില്‍ പഞ്ഞി നിറയ്ക്കുന്നതുപോലെ. ഏതാണ്ട് നൂറാളുകള്‍ അകത്തായപ്പോള്‍ പലരുടേയും പൃഷ്ടവും കൈകാലുകളും പുറത്തെക്ക് തുറിച്ചുവന്നു . . . അവരെ തോക്കിന്‍ പാത്തി കൊണ്ട് അമര്‍ത്തി തളളി വാഗന്റെ വാതില്‍ ഭദ്രമായി അടച്ചു കുറ്റിയിട്ടു . . . വാഗണ്‍ യാത്രയാരംഭിച്ചു. പിറ്റേന്ന് രാവിലെ നാല് മണിക്ക് വാഗണ്‍ പോത്തനൂര്‍ റെയില്‍വേ സ്റേഷനില്‍ എത്തി. തലേ ദിവസം അടുക്കി കയറ്റിയ ആളുകളില്‍ കണ്ണു തുറിച്ച് ഒരു മുഴം നാക്ക് നീട്ടി 64 പേര്‍ മരിച്ച് . . . മരവിച്ചിരിക്കുന്നു . . . മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ഈ ദുരന്തം - വാഗണ്‍ ട്രാജഡി നടന്നിട്ട് ഇക്കഴിഞ്ഞ നവംബര്‍ 10 ന് ഒമ്പത് പതിറ്റാണ്ട് പൂര്‍ത്തിയായി. നാടിന്റെ സ്വാതന്ത്യ്ര സമര ചരിത്രത്തില്‍ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് സമാനമായ ഈ ചരിത്രദുരന്തത്തെ ഓര്‍ത്തെടുത്ത വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പും, കേരള സര്‍വോദയ മണ്ഡലവും രംഗത്തുവന്നു. കഴിഞ്ഞ ദിവസം അന്‍പതോളം വിദ്യാര്‍ത്ഥികള്‍ ഈ ദുരന്ത ട്രെയിന്‍ കടന്നുപോയ ഒലവക്കോട് റെയില്‍വേ സ്റേഷനിലെത്തി - വാഗണ്‍ എന്തെന്ന് മനസിലാക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. തിരൂരില്‍ നിന്നും വാഗണില്‍ നിറച്ചയാളുകളെ ബല്ലാരിയിലേക്ക് കൊണ്ടുപോയത് ഷൊര്‍ണൂര്‍ - ഒലവക്കോട് വഴിയാണ്. ഇതിനിടെയാണ് പോത്തനൂരില്‍ വെച്ച് വാഗണ്‍ തുറന്നത്. അതുകൊണ്ടാണ് ഒലവക്കോട് റെയില്‍വേ സ്റേഷനിലെത്തി വാഗണ്‍ കാണാന്‍ കുട്ടികള്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികളോടൊപ്പം അധ്യാപകരായ സെല്‍വന്‍, രാജേശ്വരി, പുഷ്ക്കല, ശോഭനകുമാരി, ബേബി, രേവതി എന്നിവരുമുണ്ടായിരുന്നു. റയില്‍വേ സ്റേഷനില്‍ വാഗണ്‍ സന്ദര്‍ശിക്കുന്നതിനുളള സൌകര്യം റെയില്‍വേ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്.ജയിംസും സ്റേഷന്‍ ഓഫീസറും ചെയ്തുകൊടുത്തു. വാഗണ്‍ കാണാനെത്തിയ വിദ്യാര്‍ത്ഥികളുടെ സംഘത്തെ റെയില്‍വേ ഗുഡ്ഷെഡിലെ ചുമട്ടുത്തൊഴിലാളികള്‍ സഹായിച്ചു. വാഗണില്‍ കയറാന്‍ സിമന്റ് ചാക്കുകള്‍ അടുക്കി താല്ക്കാലിക നടകള്‍ ക്രമീകരിച്ചത് ചുമട്ട് തൊഴിലാളികളായിരുന്നു. ദുരന്ത സ്മരണ ഒരു വികാരമായും വിചാരമായും മനസില്‍ സൂക്ഷിച്ച വിദ്യാര്‍ത്ഥിനികള്‍ തുടര്‍ന്ന് ഗുഡ്ഷെഡിനു സമീപം ആല്‍ത്തറയിലിരുന്നു ഈ ചരിത്രത്തിന്റെ പൊരുളുകള്‍ ചര്‍ച്ച ചെയ്തപ്പോള്‍ അതൊരു വിചാരണയായി മാറി. വിദ്യാഭ്യാസ വകുപ്പിലെ പാഠപുസ്തക കരിക്കുലം കമ്മിറ്റി കോര്‍ കമ്മിറ്റിയംഗം ഡോ.പി.ടി.ശ്രീകുമാര്‍ വിദ്യാര്‍ത്ഥിനികളുമായി സമരചരിത്രത്തിന്റെ ഏടുകള്‍ പങ്കുവെച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി.സി.ജോസഫ്, കേരള സര്‍വോദയ മണ്ഡലം സംസ്ഥാന സെക്രട്ടറി പുതുശ്ശേരി ശ്രീനിവാസന്‍, ജില്ലാ സെക്രട്ടറി കെ.എം.ഗംഗാധരന്‍, വൈസ് പ്രസിഡന്റ് സണ്ണി എടൂര്‍ പ്ളാക്കീഴില്‍, ജോയിന്റ് സെക്രട്ടറി എസ്.വിശ്വകുമാരന്‍ നായര്‍ തുടങ്ങിയവരും കുട്ടികളുമായി സംവദിച്ചു.  

No comments:

Post a Comment